Thursday, November 18

കുശവന്‍റെ നഷ്ടം

 
 1940സെപ്റ്റംബര്‍ 15

ഹന്ത,വന്‍തമസ്സാശു പകലിന്‍ മൃതദേഹ-
മന്തിതന്‍ ചിതയിലേയ്ക്കെടുക്കാന്‍ മുതിരുമ്പോള്‍,
വാനിലാരംഗം കണ്ടു വാച്ചിടുമനുതാപാല്‍
വാരിദക്കൂട്ടമശ്രുവാര്‍ക്കുവനൊരുങ്ങുമ്പോള്‍
കുരച്ചു കൂനിക്കൂനിമുറ്റത്തുവന്നാനൊരു
കുശവന്‍,ക്ഷീണിച്ചൊരു കലവും കയ്യില്‍ത്താങ്ങി,
"വലുതാണിതിനൊന്നേകാലണയൊന്നാന്തരം
വിലയുണ്ടല്ലൊ;ഇപ്പോളാറുപൈ തന്നാല്‍പ്പോരും.
പട്ടിണികിടക്കുമെന്‍കുട്ടികള്‍ക്കിതുവിറ്റു
കിട്ടിയേ വഴിയുള്ളു വല്ലതും കൊടുക്കുവാന്‍."
അമ്മയക്കലം മെല്ലെയെടുത്തിട്ടതിന്‍ നന്മ-
തിന്മകള്‍ നോക്കാന്‍ മുട്ടിനോക്കവേ,വൃദ്ധന്‍ചൊല്ലീ "ഇരുമ്പാണിരുമ്പാണു മുട്ടിനോക്കുക നന്നായ്
തരിമ്പും കേടുണ്ടെങ്കില്‍ വേണ്ടിവന്നൊരുപൈയും!
വന്നിടുന്നിരുട്ടും, വന്‍മഴയും വീടെത്തുവാന്‍
മുന്നുനാഴികപോണ;മുടനേ വിടേണമേ!."
ഒന്നുമേയുണ്ടായീല,വൃദ്ധനു ചൊല്ലാനമ്മ
മുന്നുപൈ കലത്തിനുവിലചൊല്ലിയ നേരം!
നെടുതായ് വീര്‍പ്പിട്ടൂ,തന്‍കലവുമെടുത്താശു
പടിയും കടന്നയാളിരുട്ടില്‍ മറഞ്ഞുപോയ്
അത്താഴം കഴിഞ്ഞു ഞാന്‍ സംതൃപ്തചിത്തത്തോടും
വൃത്താന്തപത്രം നോക്കി സ്വസ്ഥനായിരിക്കുമ്പോള്‍
പടിയ്ക്കു തെക്കായുള്ള പാലത്തില്‍ നിന്നങ്ങാരോ
പതിയ്ക്കും ശബ്ദം കേട്ടു ഹൃദയം നടുങ്ങിപ്പോയ്.
പിടിച്ചുകേറ്റീ ചെന്നു സത്വരം തോട്ടില്‍ വീണു
തുടിച്ചുപേടിപൂണ്ടു കേഴുമപ്പാവത്തെ ഞാന്‍.
റാന്തലിന്‍വെളിച്ചത്തിലാളെഞാനറിഞ്ഞയാ-
ളന്തിയില്‍ വീട്ടില്‍ക്കലം വില്ക്കുവാന്‍വന്നോനല്ലൊ!
മുക്കാലും നഗ്നമായ് നനഞ്ഞു വിറയാര്‍ന്നു
നില്‍ക്കുമാവൃദ്ധന്‍ മുണ്ടില്‍കൈതപ്പിക്കരകയായ്
"കെട്ടഴിഞ്ഞു പോയല്ലോയെന്റെയക്കലം വിറ്റു -
കിട്ടിയോരുഴക്കരി നഷ്ടമായ്, ഭഗവാനേ...."
****************





0 കമന്‍റുകള്‍:

Post a Comment